മേലുകാവുമറ്റം: കുരിശിങ്കൽ പാലം പൊളിച്ചതോടെ മേലുകാവുമറ്റം മേഖലയിലെ യാത്രാസംവിധാനം താളംതെറ്റിയതായി നാട്ടുകാർ. മേലുകാവുമറ്റവുമായി ബന്ധിപ്പിക്കുന്ന നിരവധി പഞ്ചായത്ത് റോഡുകൾ നിലവിലുണ്ടെങ്കിലും കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തകർന്ന റോഡുകൾ നാളിതുവരെ അറ്റകുറ്റപ്പണി നടത്താത്തത് ഗതാഗതപ്രശ്നം കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.
കുരിശിങ്കൽ-വെള്ളത്തൊട്ടി-ചാലമറ്റം പഞ്ചായത്ത് റോഡിലെ കുരിശിങ്കൽ പാലം പൊളിച്ചതോടെ ചെറുവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, സ്കൂൾ ബസുകൾ തുടങ്ങിയവയ്ക്ക് യാത്ര ദുഷ്കരമായി. പാലം പൊളിക്കുന്നതിനു മുമ്പുതന്നെ ആവശ്യമായ ബദൽ ഗതാഗത സംവിധാനം ഒരുക്കേണ്ടിയിരുന്നുവെന്നു നാട്ടുകാർ പറയുന്നു.
കുരിശിങ്കലിൽനിന്നു മേലുകാവുമറ്റത്തേക്ക് എത്തിച്ചേരാൻ കൊടിത്തോപ്പ്-ദീപ്തി ജംഗ്ഷൻ ഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡ് ഉൾപ്പടെ നിരവധി ബദൽ വഴികളുണ്ട്. എന്നാൽ ഇവയിൽ പലതും തകർന്ന നിലയിലാണ്. കുരിശിങ്കൽ-കൊടിത്തോപ്പ്-ദീപ്തി ജംഗ്ഷൻ, ചാലമറ്റം-വെള്ളത്തൊട്ടി-പയസ്മൗണ്ട് ഉൾപ്പടെയുള്ള റോഡുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം.
പാലാ ഭാഗത്തുനിന്ന് മേലുകാവുമറ്റത്തേക്ക് സർവീസ് നടത്തുന്ന രണ്ട് സ്വകാര്യ ബസുകൾ നിലവിൽ കുരിശിങ്കൽ ജംഗ്ഷൻ വരെ മാത്രമായി സർവീസ് പരിമിതപ്പെടുത്തിയിരിക്കുകയാണ്. കുരിശിങ്കൽ ജംഗ്ഷനിൽനിന്ന് ഓട്ടോറിക്ഷകളെയോ സ്വകാര്യ വാഹനങ്ങളെയോ ആശ്രയിച്ച് മേലുകാവുമറ്റത്ത് എത്തേണ്ട അവസ്ഥയാണ്. ഇതുമൂലം സ്കൂൾ വിദ്യാർഥികൾക്കും ജോലിക്കുപോകുന്നവർക്കും സാധാരണ യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഒരു റൂട്ടിൽ സർവീസ് നടത്തുന്ന ബസ് പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടുന്നത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഗതാഗതപ്രശ്നം മേലുകാവുമറ്റത്തെ വ്യാപാര മേഖലയേയും ബാധിച്ചു. ബസുകൾ ഉൾപ്പടെയുള്ള പൊതുഗതാഗത സൗകര്യങ്ങൾ കുറഞ്ഞതോടെ മേലുകാവുമറ്റത്ത് എത്തുന്ന ആളുകളുടെ എണ്ണത്തിലും കച്ചവടത്തിലും കുറവുണ്ടായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരെയും നിലവിലെ ഗതാഗത നിയന്ത്രണം ബാധിക്കുമെന്ന ആശങ്കയുണ്ട്. അവധി ദിവസങ്ങളിൽ പാലാ ഭാഗത്തുനിന്നും മറ്റു പ്രദേശങ്ങളിൽനിന്നും വിനോദസഞ്ചാരികൾ കൂടുതലായി എത്താൻ സാധ്യതയുള്ളതിനാൽ വ്യക്തമായ ഗതാഗത സംവിധാനവും വഴികാട്ടി ബോർഡുകളും അടിയന്തരമായി ഒരുക്കണമെന്നാണ് ആവശ്യം.
കുന്നുകളും കയറ്റിറക്കങ്ങളും കുഴികളും നിറഞ്ഞ ബദൽ റോഡുകളിലൂടെയുള്ള യാത്ര വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുന്നതിനും ഇടയാക്കുന്നു. പരിചയമില്ലാത്ത യാത്രക്കാർക്ക് ഏത് വഴിയിലൂടെ പോകണമെന്ന് മനസിലാക്കാനും ബുദ്ധിമുട്ടാണ്.
പൊലിസ്, മോട്ടോർ വാഹന വകുപ്പ്, മേലുകാവ് പഞ്ചായത്ത് അധികൃതർ എന്നിവർ സംയുക്തമായി പ്രദേശത്തെ ബദൽ റോഡുകൾ പരിശോധിച്ച് ഗതാഗതത്തിന് അനുയോജ്യമായ വഴികൾ നിശ്ചയിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രധാന കവലകളിലും ജംഗ്ഷനുകളിലും ദിശാബോർഡുകൾ, സ്ഥലനാമ ബോർഡുകൾ, വാഹനങ്ങൾ പോകേണ്ട വഴികൾ വ്യക്തമാക്കുന്ന ബോഡുകൾ എന്നിവ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.